റാന്നി: രാത്രിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസിന്റെ എമർജൻസി വാതിലിന്റെ ചില്ല് കല്ലുകൊണ്ട് അടിച്ച് തകർത്ത സംഭവത്തിൽ യുവാവ് പിടിയിൽ. റാന്നി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായിൽ നിതിൻ ലെജുവിനെയാണ് (21) ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിൽ റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിന് ബസ് സൈഡ് നൽകിയില്ലെന്ന വിരോധത്തിലാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് രാവിലെയാണ് റാന്നി ഡിപ്പോയിൽ കിടന്ന ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവദിവസം ബൈക്കിലെത്തി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ബസ് സ്റ്റാൻഡ് പരിസരത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതിയുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പിടികൂടിയത്.
റാന്നി എസ്.ഐ എസ്. സിബിയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ പി. പ്രദീപ്, എം.എൻ. അഞ്ജലൊ, പ്രസാദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

