കവിയൂരിൽ പൈപ്പ് തകർന്ന് കുടിവെള്ള വിതരണം തടസ്സപ്പെടുന്നു

കവിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ്‌ലൈനുകൾ പൊട്ടിത്തകർന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുണ്ടിയപ്പള്ളി, പടിഞ്ഞാറ്റുംചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. പൈപ്പുകൾ നന്നാക്കാത്തത് മൂലം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

മുണ്ടിയപ്പള്ളി മുണ്ടയ്ക്കമണ്ണിൽ പൈപ്പ് തകർന്ന് വലിയ തോതിൽ വെള്ളം പാഴാകുന്ന വിവരം ഒന്നരയാഴ്ച മുൻപ് തന്നെ ജല അതോറിറ്റിയെ അറിയിച്ചതാണ്. എന്നാൽ ഇതുവരെയും അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിലെ ടാറിങ് തകർന്ന് വലിയ കുഴി രൂപപ്പെട്ടത് ഗതാഗതത്തിന് ഭീഷണിയാകുന്നുണ്ട്. വീതി കുറഞ്ഞ റോഡിലെ കൊടുംവളവിന് സമീപമായതിനാൽ അപകടസാധ്യത ഏറെയാണ്. ഇവിടം കുഴിച്ച് പൈപ്പ് മാറ്റി റോഡ് നിരപ്പാക്കിയാൽ മാത്രമേ യാത്രാക്ലേശത്തിന് പരിഹാരമാകൂ.

പടിഞ്ഞാറ്റുംചേരി ഇടയ്ക്കാട്‌ ആൽത്തറയ്ക്ക് മുൻപിലും മാസങ്ങളായി പൈപ്പ് പൊട്ടിയിരിക്കുകയാണ്. പ്രദേശത്തെ വ്യാപാരിയായ ടി.കെ. നാരായണപിള്ള പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൈപ്പിലെ മർദക്കുറവും ജലം പാഴാകുന്നതും കാരണം വിഴൽ പോലുള്ള മലമ്പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. വേനൽ കടുക്കുമ്പോൾ ടാപ്പുകൾ വെറും കാഴ്ചവസ്തുവായി മാറുന്ന അവസ്ഥയിലാണ്.

രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. അതിനിടയിലുണ്ടാകുന്ന പൈപ്പ് പൊട്ടലും വൈദ്യുതി തടസ്സവും വിതരണത്തെ പൂർണ്ണമായും താളം തെറ്റിക്കുന്നു. എന്നാൽ, വല്ലപ്പോഴും ലഭിക്കുന്ന വെള്ളത്തിന്റെ ബില്ലടയ്ക്കാൻ വൈകിയാൽ കണക്ഷൻ വിച്ഛേദിക്കാൻ ഉദ്യോഗസ്ഥർ കാട്ടുന്ന ശുഷ്കാന്തി തകരാർ പരിഹരിക്കുന്നതിൽ കാണിക്കുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ