ആനിക്കാട് പഞ്ചായത്തിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആനിക്കാട് ജനകീയ സമിതി വീണ്ടും സമരത്തിലേക്ക്. റോഡുകളുടെ ദുരവസ്ഥ, യാത്രാ ബസുകളുടെ അഭാവം, ആതുരാലയങ്ങളടക്കം പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുടങ്ങിയവയാണ് നാടിനെ ബുദ്ധിമുട്ടിക്കുന്നത്. തിരുവല്ല നിയോജകമണ്ഡല ആസ്ഥാനത്തുനിന്ന് ഏറെ ദൂരെയായ ആനിക്കാടിനെ വികസന കാര്യങ്ങളിലും അധികൃതരും ജനപ്രതിനിധികളും അകറ്റി നിർത്തിയിരിക്കുകയാണെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പരാതിപ്പെട്ടു.
അടിയന്തര നടപടി ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30-ന് മല്ലപ്പള്ളി വലിയപാലത്തിന് സമീപം ഉപവാസസമരം നടത്തും. ഇതിന് മുന്നോടിയായി ഞായറാഴ്ച ആനിക്കാട് പഞ്ചായത്തിൽ വാഹന ജാഥ നടത്തും. രാവിലെ ഒൻപതിന് മാരിക്കൽ കവലയിൽ ആർ.സുരേഷ് കുമാർ ചെറുകര ഉദ്‌ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിൽകൂടി വൈകീട്ട് മൂന്നിന് നൂറോമ്മാവിൽ അവസാനിക്കും. സമാപന യോഗം ജേക്കബ് തോമസ് ഉദ്‌ഘാടനം ചെയ്യും.