മല്ലപ്പള്ളി മണിമലയാറ്റിലെ മണൽപ്പുറത്ത് തിരുമാലിട ശിവരാത്രി കാവടിയാട്ടം വെള്ളിയാഴ്ച നടക്കും. പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് രാവിലെ എട്ടിന് കാവടികൾ പുറപ്പെടും. ഒൻപതിന് ദേവു ഓട്ടൻതുള്ളൽ നടത്തും. പരിയാരം ക്ഷേത്രത്തിൽ പൂജിച്ചുവാങ്ങിയ അഭിഷേക ദ്രവ്യങ്ങൾ കാവടികളിൽ ബന്ധിച്ചാണ് ആട്ടം.
ഉച്ചക്ക് 12-ന് മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് ഘോഷയാത്ര എത്തും. പുഴ നിറഞ്ഞ് കാവടികളും കരയിൽ തിങ്ങിയ പുരുഷാരവും ചേരുമ്പോൾ അവിസ്മരണീയ ദൃശ്യമാണ് ഇതൾ വിരിയുക. വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിൽ നിന്ന് കുളത്തൂർ ശ്രീദേവിവിലാസം സംഘം വേലകളി നടത്തും. വെള്ളിയാഴ്ച രാത്രി 8.30-ന് മല്ലപ്പള്ളി ടൗണിൽ കാവടി വിളക്ക് ഘോഷയാത്ര തുടങ്ങും. രാത്രി 9.30-ന് ശരത്തിന്റെ സംഗീത സദസ്സ്, 12-ന് ശിവരാത്രി പൂജ, ഒന്നിന് പദ്‌മകുമാറിന്റെ ശിവരാത്രി സന്ദേശം, 2.30-ന് കൊല്ലം തപസ്യയുടെ ബാലെ എന്നിവ നടക്കും.