കൂത്താട്ടുകുളത്ത് ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു: മല്ലപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു

കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം ബാപ്പുജി സ്കൂളിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പുത്തൻവീട്ടിൽ ബിലു പി. ജോൺ (25) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് ഇരുമ്പ് കമ്പി കയറ്റി പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർദിശയിൽ നിന്ന് വരികയായിരുന്ന ബിലു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. തുടർന്ന് റോഡരികിലെ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയ ലോറി, അവിടുത്തെ തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ പിഴുതെറിഞ്ഞ ശേഷമാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയിലിടിച്ച് നിന്നത്. വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുസിരുവട്ടം തിരുച്ചിറപ്പള്ളി കാർത്തിക്കിനെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മരിച്ച ബിലു പി. ജോൺ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമായ കുടുംബാംഗമാണ്. പിതാവ് എ.ഡി. ജോൺ കീഴ്‌വായ്പുര് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെംബറും മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല മാനേജിംഗ് കമ്മിറ്റിയംഗവുമാണ്. മാതാവ്: ഗ്ലാഡിസ് ജോൺ. സഹോദരി: ബിലി പി. ജോൺ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ