കവിയൂർ: പന്ത്രണ്ടുകാരിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ കവിയൂർ സ്വദേശിയായ പ്രതിക്ക് കനത്ത ശിക്ഷ. 31 വർഷവും ആറുമാസവും കഠിനതടവും 1,43,000 രൂപ പിഴയുമാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിധിച്ചത്. കവിയൂർ പുന്നിലം വലിയപറമ്പിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് വി. രാജനെയാണ് (38) കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഷെമിമോൾ കെ.ആർ ആണ് സംഭവത്തിൽ ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് തിരുവല്ല പോലീസ് വിശദമായ അന്വേഷണം നടത്തുകയും തിരുവല്ല ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി.കെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ എ.എസ്.ഐ ഹസീന സഹായിയായി പ്രവർത്തിച്ചു.

