കീഴ്‌വായ്‌പൂരിൽ സോളാർ തട്ടിപ്പും പത്തനംതിട്ടയിൽ പോക്സോ കേസും; സിനിമാ സ്റ്റൈലിൽ വിലസിയ വ്യാജ ഐപിഎസുകാരൻ പിടിയിൽ

 


'വിക്രമാദിത്യൻ' എന്ന സിനിമയിലെ നായകനെ അനുകരിച്ച് നാടാകെ ഐപിഎസ് ചമഞ്ഞുനടന്ന ഇരുപത്തിരണ്ടുകാരൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. കോട്ടയം വടവാതൂർ പാത്തുകളത്തിൽ ആദിത്യൻ പി. കിഷോറിനെയാണ് പോക്സോ അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2023 ബാച്ച് ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ‘ആദിത്യൻ പി.കെ. ഐപിഎസ്’ എന്ന വ്യാജേനയായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. ഇലക്ട്രോണിക്‌സിൽ ഐടിഐ വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ, ഓൺലൈൻ ടാക്സി ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് തട്ടിപ്പുകൾക്ക് ഇരകളെ കണ്ടെത്തിയിരുന്നത്.

പ്രധാന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും

  • പോക്സോ കേസ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ 17 വയസ്സുകാരിയെ ഐപിഎസ് ട്രെയ്‌നിയാണെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഈ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • പോലീസിനെ വിരട്ടി: ഇസ്രയേൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം കലക്ടറേറ്റിലെ ജീവനക്കാരിയിൽ നിന്നും പണം തട്ടിയ ഏജൻസിയുടെ എറണാകുളം മുളവുകാടുള്ള വീട്ടിലെത്തി ഇയാൾ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങി. വാഹനവും പിടിച്ചെടുത്തു. ഇത് അന്വേഷിക്കാൻ വിളിച്ച വരാപ്പുഴ എസ്ഐയെ 'ഐപിഎസുകാരോടു സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലേ' എന്ന് ചോദിച്ച് ഫോണിലൂടെ വിരട്ടി.

  • പോലീസിനെ മടക്കിയയച്ചു: പെൺസുഹൃത്തിന്റെ നിർദേശപ്രകാരം ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബവഴക്കിൽ ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാൾ ഇടപെട്ടു. വിവരമറിഞ്ഞെത്തിയ ലോക്കൽ പോലീസിനെ 'പ്രശ്നം താൻ പരിഹരിച്ചു' എന്ന് പറഞ്ഞ് അധികാരസ്വരത്തിൽ മടക്കിയയച്ചു.

  • സാമ്പത്തിക തട്ടിപ്പും അതിക്രമവും: പത്തനംതിട്ട കീഴ്‌വായ്‌പൂരിൽ സോളാർ പാനൽ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടി. കൂടാതെ, കൈതേപ്പാലത്തെ ബാറിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

  • സിആർപിഎഫ് ഉദ്യോഗസ്ഥനായി വേഷമിട്ടു: മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിൽ, സിആർപിഎഫ് ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് ഇയാൾ സ്റ്റേഷനിലേക്ക് വിളിച്ച് പോലീസിന്റെ നടപടികളിൽ ഇടപെട്ടു.

പോലീസുകാരെപ്പോലും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും നിയമപദപ്രയോഗങ്ങളും ഉപയോഗിച്ചിരുന്ന ഇയാൾ, പോലീസ് വാഹനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ആളുകളുടെ വിശ്വാസമാർജ്ജിച്ചത്. ഏജൻസി ഉടമകളിൽ നിന്ന് പണം തിരികെ വാങ്ങിയ ശേഷം പ്രതിഫലമായി ഇയാൾ ഒരു ഗൂഗിൾ പേ നമ്പറിലേക്ക് 20,000 രൂപ വാങ്ങിയിരുന്നു. വ്യാജ ഐപിഎസുകാരനിൽ സംശയം തോന്നിയ കലക്ടറേറ്റ് ജീവനക്കാരി കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് ഈ ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പത്തനംതിട്ടയിലെ പെൺകുട്ടിയിലേക്കും പ്രതിയുടെ അറസ്റ്റിലേക്കും നയിച്ചത്. ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ്, കോട്ടയം വെസ്റ്റ് സിഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ