കീഴ്‌വായ്പൂര് സർക്കിൾ ഓഫിസ് മല്ലപ്പള്ളിയിൽ സജ്ജമാകുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന മല്ലപ്പള്ളിയിലെ പൊലീസ് കെട്ടിടം കീഴ്‌വായ്പൂര് പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫിസായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ഉൾവശം ശുചീകരിക്കുകയും പരിസരത്തെ കാട് ആഴ്ചകൾക്കു മുൻപ് തന്നെ വെട്ടിമാറ്റുകയും ചെയ്തു.

കെട്ടിടം പൂർണ്ണസജ്ജമാകാൻ ഇനിയും അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട്. പെയിന്റിങ്, പ്ലമിങ്, വൈദ്യുതീകരണം തുടങ്ങിയ അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായാണ് വിവരം. കൂടാതെ, കെട്ടിടത്തിലേക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനായി വളപ്പിലുള്ള കിണറും വൃത്തിയാക്കണം.

അതേസമയം, കെട്ടിടത്തിന്റെ മുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മേൽക്കൂരയ്ക്ക് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം ഊർന്നിറങ്ങാൻ സാധ്യതയുള്ളതിനാൽ മുകളിൽ ടിൻഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിക്കേണ്ടതുണ്ട്. ഇതിനുപുറമെ, പൊലീസ് ജീപ്പ് പാർക്ക് ചെയ്യുന്നതിനായി നിർമിച്ച ഷെഡ്ഡിന്റെ മേൽക്കൂരയിലും ഷീറ്റ് സ്ഥാപിക്കാനുണ്ട്. കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന ആവശ്യവും ശക്തമാണ്. മരത്തിന്റെ വേരുകൾ ഇറങ്ങി പ്രവേശന കവാടത്തിലെ പടിക്കെട്ടുകൾക്ക് ഇതിനോടകം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഔട്ട്പോസ്റ്റായി പ്രവർത്തിച്ചിരുന്ന ഓടുമേഞ്ഞ പഴയ കെട്ടിടം നിലവിൽ ജീർണാവസ്ഥയിലാണ്. ഏതുനിമിഷവും നിലംപതിക്കാവുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റിയാൽ പൊലീസ് വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും സുഗമമായി പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യമൊരുങ്ങും. മുൻപ് കീഴ്‌വായ്പൂരിൽ പൊലീസ് സ്റ്റേഷനും മല്ലപ്പള്ളിയിൽ ഔട്ട്പോസ്റ്റുമായാണ് പ്രവർത്തിച്ചിരുന്നത്. നിലവിലുള്ള ഈ കോൺക്രീറ്റ് കെട്ടിടം 2009 ജൂലൈ 31-ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാകുന്നതോടെ സർക്കിൾ ഓഫിസിന്റെ പ്രവർത്തനം ഇവിടെ പൂർണ്ണസജ്ജമാകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ