പത്തനംതിട്ട: മദ്യലഹരിയിൽ ആൾക്കൂട്ടത്തിലേക്ക് കാറോടിച്ചുകയറ്റി അപകടമുണ്ടാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രാദേശിക നേതാവ് പിടിയിൽ. സിപിഎം ഓമല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വിശ്വജിത്താണ് പോലീസിൻ്റെ പിടിയിലായത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുലശേഖരപതി സ്വദേശി അബു ഇന്നലെ മരണപ്പെട്ടിരുന്നു.
അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്നും നിർത്താതെ മുന്നോട്ട് പോയ വാഹനം റോഡിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങളിലും ഇടിച്ചു.
കാറിലുണ്ടായിരുന്ന വിശ്വജിത്തും കേസിലെ ഒന്നാം പ്രതിയായ ജിനുവും അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകടത്തിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ വിശ്വജിത്തിനെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനൊടുവിലാണ് പിടികൂടിയത്.

