കോഴഞ്ചേരി: മാരാമണ്ണിലെ പ്രമുഖ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ഇരുപതുകാരിയെ സുഹൃത്ത് കഴുത്തിൽ ആറിലേറെ തവണ കുത്തി ക്രൂരമായി കൊലപ്പെടുത്തി. കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ‘ദിൻഷ മൻസിലി’ൽ ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദിൻഷയുടെ സുഹൃത്തും കീഴൂക്കര സ്വദേശിയുമായ ജിത്തു (27) യെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. കൃത്യത്തിന് പിന്നിൽ പ്രണയപ്പകയും സംശയവുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം പകൽ വെളിച്ചത്തിൽ; ആൽത്തറയിൽ നടന്നത് രൂക്ഷമായ തർക്കം
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു മാരാമണ്ണിലെ റിസോർട്ടിലെത്തിയത്. ഈ സമയം റിസപ്ഷനിൽ ഡ്യൂട്ടിയിലായിരുന്ന ദിൻഷയെ ജിത്തു പുറത്തേക്ക് വിളിച്ചിറക്കി. റിസോർട്ടിന്റെ പാർക്കിങ് ഏരിയയിലെ ആൽത്തറയ്ക്ക് സമീപം നിന്ന് ഇരുവരും ഏതാണ്ട് 15–20 മിനിറ്റോളം സംസാരിച്ചു. സംഭാഷണത്തിനിടെ ജിത്തു ദിൻഷയോട് രോഷാകുലനായി തർക്കിക്കുന്നതായി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു.
വാക്കുതർക്കം രൂക്ഷമായതോടെ, "നീ എന്നെ വഞ്ചിച്ചു" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന ചെറിയ കത്തി പുറത്തെടുത്ത് ജിത്തു ദിൻഷയുടെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. ആദ്യ കുത്തേറ്റയുടൻ ദിൻഷ നിലത്തുവീണു. തുടർന്ന് താഴെ വീണുകിടന്ന പെൺകുട്ടിയുടെ കഴുത്തിൽ ക്രൂരമായി അഞ്ചു തവണ കൂടി കുത്തിപ്പരിക്കേൽപ്പിച്ചു.
ഓടിയെത്തി ജീവനക്കാർ; കുറ്റബോധമില്ലാതെ പ്രതി
ദിൻഷയുടെ നിലവിളി കേട്ട് റിസപ്ഷന് സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും മറ്റ് സഹപ്രവർത്തകരുമാണ് ആദ്യം ഓടിയെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന ദിൻഷ ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആക്രമണം നടത്തിയ ശേഷവും ഒളിച്ചോടാൻ ശ്രമിക്കാതെ, മുഖത്ത് കടുത്ത പകയോടെ ജിത്തു ആൽത്തറയിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് റിസോർട്ട് ജീവനക്കാർ ചേർന്ന് ഇയാളെ ബലമായി പിടികൂടി കെട്ടിയിടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും യാതൊരുവിധ കുറ്റബോധവും ഇയാൾ പ്രകടിപ്പിച്ചിരുന്നില്ല.
കൃത്യം നടത്തിയത് ആസൂത്രിതമായി; കത്തി വാങ്ങിയത് ഓൺലൈനിൽ
കൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച കത്തി ജിത്തു ഓൺലൈൻ വഴി ഓർഡർ ചെയ്തു വരുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകവും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും റിസോർട്ടിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
പരിചയം ഏവിയേഷൻ പഠനകാലത്ത്
ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിന് സമീപമുള്ള സ്ഥാപനത്തിൽ ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാൻ എത്തിയതോടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ദിൻഷ ഉപയോഗിച്ചിരുന്ന സിം കാർഡ് ജിത്തു വാങ്ങി നൽകിയതായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ ദിൻഷ, പരിശീലനത്തിന്റെ ഭാഗമായി ഈ മാസം 11-നാണ് മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. ഇതോടെ താമസം റിസോർട്ടിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് മാറ്റി.
ദിൻഷ ഫോണിലൂടെ മറ്റ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും, പ്രണയത്തിൽ നിന്ന് ദിൻഷ പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് പ്രതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
അന്വേഷണം ഊർജിതം
കസ്റ്റഡിയിലെടുത്ത പ്രതിയെ കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷ്, മല്ലപ്പള്ളി സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ തുടർ അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

