മല്ലപ്പള്ളി: വിപണിയിലെ ഗ്രാനൈറ്റ് ക്ഷാമം മുതലെടുത്ത് പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് മോഷ്ടിച്ചു വിൽക്കുന്ന മൂന്നംഗ സംഘം ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് കട നടത്തുന്ന തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരെയാണ് കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഗ്രാനൈറ്റ് കട ഉടമയായ ജലാൽ സുന്ദറാണ് ഈ തട്ടിപ്പിന് പിന്നിലെ പ്രധാനി. വിപണിയിൽ ഗ്രാനൈറ്റ് ലഭ്യത കുറഞ്ഞതോടെയാണ് ഇവർ പള്ളി സെമിത്തേരികളെ ലക്ഷ്യമാക്കിയത്. ഒരു പള്ളിയിലെ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച ശേഷം, ഇത് മറ്റ് പള്ളികളിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കായി മറിച്ചുവിൽക്കുന്നതായിരുന്നു ഇവരുടെ രീതി.
ആനിക്കാട് വില്ലേജിൽ നുറോന്മാവ് സെന്റ് തോമസ് മാർത്തോമ പളളിയുടെ സെമിത്തേരിയിൽ നടന്ന മോഷണമാണ് പ്രതികളെ കുടുക്കിയത്. ഈ മാസം 15-നും 20-നും ഇടയിലായിരുന്നു സംഭവം. സെമിത്തേരിയിലുള്ള കണ്ണപ്ലാക്കൽ വീട്ടിൽ അന്നമ്മ വർഗ്ഗീസിൻെറ കല്ലറയുടെ മുകൾവശത്ത് സ്ഥാപിച്ചിരുന്ന കറുത്ത നിറമുള്ള ഗ്രാനൈറ്റ് സ്ലാബാണ് ഇവർ മോഷ്ടിച്ചത്. ഏകദേശം 6 അടി നീളവും 3 അടി വീതിയും 15,000 രൂപയോളം വിലവരുന്നതുമായ സ്ലാബാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കീഴ്വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
ഇതുവരെ മല്ലപ്പള്ളി മേഖലയിലെ മൂന്നു പള്ളികളിലാണ് ഇവർ സമാന രീതിയിൽ മോഷണം നടത്തിയത്. ഈ മൂന്നാമത്തെ പള്ളിയിലെ മോഷണക്കേസിലെ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതികൾ പോലീസിന്റെ വലയിലായത്.

