ആനിക്കാട്: മുറ്റത്തുമാവ് - ചക്കാട്ടുപടി - അട്ടക്കുളം റോഡിന് കുറുകെ കെ-ഫോൺ കേബിൾ വീണുകിടക്കുന്നത് യാത്രക്കാർക്ക് കടുത്ത ദുരിതവും അപകടഭീഷണിയും സൃഷ്ടിക്കുന്നു. ഒരാഴ്ചയോളമായി പാതയുടെ പകുതിയോളം കവർന്ന് കേബിൾ കിടന്നിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
നൂറോമ്മാവിൽ നിന്നും കുളത്തുങ്കൽ കവലയിലേക്കുള്ള പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിലവിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനാൽ പുന്നവേലി ഭാഗത്തേക്കുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക വാഹനങ്ങളും ഇപ്പോൾ മുറ്റത്തുമാവ് - ചക്കാട്ടുപടി - അട്ടക്കുളം റോഡിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. വാഹനത്തിരക്കേറിയ ഈ റോഡിൽ വീണുകിടക്കുന്ന കേബിളിൽ കുരുങ്ങാതെ യാത്ര ചെയ്യുക എന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് ഉൾപ്പെടെ വലിയ വെല്ലുവിളിയാണ്.
ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി കടന്നുപോകുന്ന പോസ്റ്റുകളിലാണ് ഈ കേബിൾ ബന്ധിപ്പിച്ചിരിക്കുന്നത് എന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. റോഡിൽ കിടക്കുന്ന കേബിളിൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുരുങ്ങിയാൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീഴാനും വൻ ദുരന്തത്തിനും വഴിയൊരുക്കും. അപകടം സംഭവിക്കുന്നതിന് മുൻപ് കേബിൾ സുരക്ഷിതമായി മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

