തിരുവല്ലയിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനും ബന്ധുക്കൾക്കും മർദനം; മൂന്നു പേർ അറസ്റ്റിൽ

 


തിരുവല്ല: തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ദൃശ്യങ്ങൾ ഒളിഞ്ഞുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരൻ എന്നിവരെ വീട്ടിൽ കയറി ആക്രമിച്ചതിനാണ് തിരുവല്ല പൊലീസ് മൂന്നു പേരെ പിടികൂടിയത്.

തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ മനോജ് കെ. തങ്കപ്പൻ (ജോഷി–52), കിഴക്കുംമുറി കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശ്ശേരി കുളക്കാട് തത്തംപള്ളി കിഴക്കേതിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13-ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വസ്ത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പ്രതികളിലൊരാളായ ജോഷി മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനും തുടർന്നുണ്ടായ ആക്രമണത്തിനും കാരണം.

മർദനത്തിൽ പരുക്കേറ്റ മൂന്നുപേരും തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.പ്രബോധ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ പി.ആർ.ശ്രീമോൻ, എ.എസ്.മഹേഷ്, ബി.നിതിൻകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ