മല്ലപ്പള്ളി: പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് വരാന്തയിൽ യാത്രക്കാർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്ന കസേരകൾ ഇളക്കിമാറ്റിയത്. തകർത്ത ഇരിപ്പിടങ്ങൾ സ്റ്റാൻഡിൽ പുതുതായി നിർമിക്കുന്ന ശുചിമുറിക്കടുത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകി.
പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച, മൂന്നു പേർക്ക് വീതം ഇരിക്കാവുന്ന ആറ് സെറ്റ് കസേരകളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം നേരത്തെ തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ബസ് കാത്തുനിൽക്കുന്നവർക്കും വയോധികർക്കും ഉൾപ്പെടെ ഏറെ പ്രയോജനകരമായിരുന്ന ഈ ഇരിപ്പിടങ്ങൾ നശിപ്പിച്ചതിൽ യാത്രക്കാർക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

