തെള്ളിയൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രവേശന പാത തകർന്നതോടെ കാൽനടയാത്രികരും ഇരുചക്രവാഹന യാത്രക്കാരും കടുത്ത ദുരിതത്തിൽ. റാന്നി–വെണ്ണിക്കുളം റോഡിൽ ആൽത്തറ വളവിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ആശുപത്രിപ്പടി– ചോറ്റയിൽപടി റോഡിലാണ് യാത്രാക്ലേശം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
ടാറിങ് പൂർണമായും തകർന്ന് മെറ്റലുകൾ ഇളകിമാറിയ നിലയിലാണ് റോഡ്. പാതയുടെ മധ്യഭാഗത്ത് അവശേഷിക്കുന്ന ടാറിങ് ഒരു വരമ്പുപോലെ ഉയർന്നു നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളും കാൽനടക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദിനംപ്രതി നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ റോഡിന്റെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

