ഇന്ന് ഉച്ചയ്ക്ക് 1:45-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തണമെന്ന മുൻനിശ്ചയത്തോടെയാണ് പ്രതി റിസോർട്ടിൽ എത്തിയത്. പുറത്ത് വെച്ച് പത്ത് മിനിറ്റോളം ദിൻഷയുമായി സംസാരിച്ചുനിന്ന ജിത്തു, തന്നെ വഞ്ചിച്ചെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് യുവതിയുടെ കഴുത്തിൽ തുടരെത്തുടരെ കുത്തുകയായിരുന്നു. പ്രണയനൈരാശ്യവും യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൃത്യം നടത്തുന്നതിനായി പ്രതി ഓൺലൈനായാണ് കത്തി വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും യുവതിക്ക് ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

