തിരുവല്ല : ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പരിശോധനയിൽ തിരുവല്ല കുറ്റപ്പുഴയിൽ യുവാവിന്റെ വീട്ടിൽനിന്ന് 3.858 കിലോഗ്രാം കഞ്ചാവ് പിടികൂടി. കുറ്റപ്പുഴ കോട്ടാലിൽ ചിറയിൽ വീട്ടിൽ സെബു (30) എന്നയാളുടെ വീട്ടിൽനിന്നാണ് വൻതോതിൽ കഞ്ചാവ് കണ്ടെടുത്തത്. പോലീസ് എത്തുന്ന വിവരമറിഞ്ഞ് പ്രതി വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു.
വീട്ടിലെ അടുക്കളയിലെ സ്ലാബിനടിയിൽ രണ്ട് ബക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ഡാൻസാഫ് (DANSAF) ടീമും തിരുവല്ല പോലീസും സംയുക്തമായാണ് വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.
തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ, സബ് ഇൻസ്പെക്ടർ (SHO) റിയാസ് റഹീം, എസ്.ഐ. ആര്യ മോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുശീൽ കുമാർ, സി.പി.ഒ.മാരായ നിഥിൻ, മഹേഷ്, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
സംഭവത്തിൽ പ്രതി സെബുവിനെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽപോയ പ്രതിയെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ ഹാജരാക്കുമെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

