പത്തനംതിട്ട: പതിനാലുകാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും അതിക്രമം കാട്ടുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കീഴ്വായ്പൂര് അറയ്ക്കൽ സ്വദേശി എ.ടി. ജയകൃഷ്ണനെയാണ് (ബിനീഷ് - 41) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് രണ്ട് വർഷവും മൂന്ന് മാസവും തടവും 8,500 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി നിരന്തരം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തെന്നാണ് കേസ്. കുട്ടിയുടെ വീട്ടിലെത്തി പരാതിപ്പെട്ട അമ്മൂമ്മയെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ ആർ. രാജേഷ്കുമാർ വിശദമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് കോടതിയിൽ ഹാജരായി. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചത്.

