പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം: നാലംഗ സംഘം പിടിയിൽ

പന്തളം: തുമ്പമൺ സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികളെ പന്തളം പോലീസ് പിടികൂടി. തുമ്പമൺ സ്വദേശി അജയൻ (49) ആണ് അക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത്ത് (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്.

പ്രധാന പ്രതിയായ ദീപക് ജോയിയുടെ ഭാര്യയോട് അജയൻ ഫോണിലൂടെ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം 26-നായിരുന്നു സംഭവം. വഴിയിൽവെച്ച് തടഞ്ഞുനിർത്തി കാറിൽ ബലമായി കയറ്റി കൊണ്ടുപോയ അജയനെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിക്കുകയും, ശരീരത്തിൽ വെള്ളം നിറച്ച സിറിഞ്ചുകൾ കുത്തിയിറക്കി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

മർദനമേറ്റ അജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ദീപക് ജോയിയെ പോലീസ് ആദ്യം പിടികൂടി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ആക്രമണത്തിൽ പങ്കാളികളായ മറ്റ് മൂന്ന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.

പന്തളം സിഐ ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ എബിൻ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സിവിൽ പോലീസ് ഓഫീസർമാരായ എസ്.എൻ. വർഷ, അരുൺ ബാല, അഖിൽ ഒ., കൃഷ്ണ ലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ. എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ