മല്ലപ്പള്ളി സഹകരണ ബാങ്ക് സ്വർണത്തട്ടിപ്പ്: ജീവനക്കാരുടെ വിശ്വാസം നേടി ലോക്കർ താക്കോൽ കൈക്കലാക്കി

 


മല്ലപ്പള്ളി : പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ജീവനക്കാരൻ വിജേഷ് ജയകുമാർ കുറ്റകൃത്യം നടത്തിയത് സഹപ്രവർത്തകരുടെ വിശ്വാസം മുതലെടുത്താണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും അർപ്പിച്ച വിശ്വാസം ദുരുപയോഗം ചെയ്താണ് പ്രതി സ്വർണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോൽ കൈക്കലാക്കിയത്.

പത്ത് വർഷം മുൻപ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ച വിജേഷ്, സൗമ്യമായ പെരുമാറ്റത്തിലൂടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു. ബാങ്കിൽ എത്തുന്ന ഇടപാടുകാരുടെ ആവശ്യങ്ങൾ വേഗത്തിൽ ചെയ്തു നൽകുന്നതിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്നതായി സഹകാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സൽപ്പേരും വിശ്വാസ്യതയും മുതലെടുത്താണ് സ്വർണ ഉരുപ്പടികൾ സൂക്ഷിക്കുന്ന ലോക്കറിന്റെ ചുമതല മേലധികാരികളിൽ നിന്ന് വിജേഷ് സ്വന്തമാക്കിയത്.

ഒരു വർഷം മുൻപാണ് ബാങ്കിൽ സ്വർണപ്പണയ വായ്പാ പദ്ധതി ആരംഭിച്ചത്. ബാങ്കിലെ ജീവനക്കാരുടെ സ്വർണാഭരണങ്ങളാണ് ഇവിടെ പണയം വച്ചിരുന്നവയിൽ ഭൂരിഭാഗവും. ലോക്കറിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങൾ മല്ലപ്പള്ളി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി വിജേഷ് വൻതുക കൈക്കലാക്കിയതായാണ് പ്രാഥമിക വിവരം.

അതേസമയം, ബാങ്കിന് നഷ്ടമായ സ്വർണം ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ