പുളിക്കീഴിൽ ചതുപ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ, കാമുകനായി തിരച്ചിൽ

തിരുവല്ല: മൂന്ന് വർഷം മുൻപ് തിരുവല്ല പുളിക്കീഴിൽ ചതുപ്പുനിലത്തിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാവായ നാടോടി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മീങ്കര സ്വദേശിനി മഞ്ജു (45) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടത്തിയ ഇവരുടെ ആൺസുഹൃത്ത് ശിവയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


2023 ഓഗസ്റ്റ് 12-നാണ് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമുള്ള ചതുപ്പിൽ ദിവസങ്ങൾ പഴക്കമുള്ള നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതികളോ മിസ്സിങ് കേസുകളോ ഇല്ലാതിരുന്നതിനാലും സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നതിനാലും അന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.

തുമ്പായത് വഴക്കിനിടയിലെ വെളിപ്പെടുത്തൽ

കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് മഞ്ജുവും ശിവയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഈ വഴക്കിനിടയിൽ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരം പഴിചാരുകയും ആരോപണം ഉന്നയിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ എസ്.സി പ്രമോട്ടർ മുഖേന വിവരം മീനാക്ഷിപുരം പൊലീസിന് ലഭിക്കുകയും, തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.

കൊലപാതകം ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമുള്ള കടത്തിണ്ണയിൽ വെച്ച് മഞ്ജുവും ശിവയും ഒന്നിച്ചിരിക്കുമ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ ശിവ കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഞ്ജു മൊഴി നൽകി.

തുടർന്ന് ശിവയുടെ സഹോദരൻ ശക്തിയെ വിളിച്ചുവരുത്തി, മൂവരും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം സ്കൂട്ടറിൽ പുളിക്കീഴിലെത്തിച്ച് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു. മഞ്ജുവിനെ പുളിക്കീഴിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘം, ഒളിവിൽ പോയ ശിവയ്ക്കും ഒത്താശ ചെയ്ത സഹോദരൻ ശക്തിക്കുമായി വലവിരിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ