സ്കൂൾ സമയ നിയന്ത്രണം കാറ്റിൽപ്പറത്തി ടിപ്പറുകൾ; മല്ലപ്പള്ളി - തിരുവല്ല റോഡിൽ യാത്രക്കാർ ഭീതിയിൽ

മല്ലപ്പള്ളി : സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ യാത്രാവിലക്കും സമയ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ പ്രധാന റോഡുകളിൽ ടിപ്പർ ലോറികൾ ചീറിപ്പായുന്നു. ഉത്തരവാദിത്തമില്ലാത്ത ചില ഡ്രൈവർമാരുടെ മത്സരയോട്ടം കാരണം ഭീതിയോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും റോഡിലിറങ്ങുന്നത്.


രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 3.00 മുതൽ 4.30 വരെയുമുള്ള നിയന്ത്രിത സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് കർശന യാത്രാവിലക്കുണ്ട്. എന്നാൽ ഈ നിബന്ധനകളെല്ലാം ലംഘിച്ചാണ് സ്കൂൾ സമയങ്ങളിൽ വാഹനങ്ങൾ പായുന്നത്. പ്രത്യേകിച്ച് വെണ്ണിക്കുളം കവല കേന്ദ്രീകരിച്ച് സമയം തെറ്റിച്ച് ഓടുന്ന ടിപ്പറുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകൾ ഇല്ലാത്ത ഇടറോഡുകളും പ്രധാന വഴികളും കേന്ദ്രീകരിച്ചാണ് ഇവരുടെ നിയമലംഘനം.

നിയമവിരുദ്ധമായ പാച്ചിലിനൊപ്പം ലോഡുമായി പോകുന്ന ടിപ്പറുകളിൽ നിന്ന് മണ്ണും പാറക്കല്ലുകളും റോഡിലേക്ക് തെറിച്ചു വീഴുന്നതും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. വളവുകൾ വീശിയെടുക്കുമ്പോഴാണ് പാറ ഉൽപന്നങ്ങളും മണ്ണും റോഡിലേക്ക് ചിതറുന്നത്. ഇതിനുപുറമേ രൂക്ഷമായ പൊടിശല്യവും പ്രദേശവാസികളെ വലയ്ക്കുന്നു. ലോഡുമായി പോകുമ്പോൾ വാഹനത്തിന്റെ മുകൾഭാഗം പൂർണമായി മൂടിപ്പൊതിയണമെന്ന് നിയമമുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. പേരിനായി മാത്രം കീറിയ ചാക്കുകളോ പഴയ പ്ലാസ്റ്റിക് പടുതകളോ വലിച്ചുകെട്ടിയാണ് സർവീസ്.

ലോറികളിൽ നിന്ന് മണ്ണും കല്ലും തെറിച്ചുവീഴുന്നതും പൊടിപടലങ്ങളും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രികരെയാണ് കൂടുതൽ അപകടത്തിലാക്കുന്നത്. വിദ്യാർഥികളുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ടിപ്പർ ലോറികളുടെ അമിതവേഗവും സമയലംഘനവും തടയാൻ അധികൃതർ കർശന പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ