പുളിക്കീഴ് (പത്തനംതിട്ട): തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന പോക്സോ കേസ് പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്കായി സ്റ്റേഷനിലെത്തിച്ച ഇയാളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനെ തുടർന്ന് അകത്തെ മുറിയിലുള്ള ഇരുമ്പു കുറ്റിയിലാണ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയിട്ടിരുന്നത്. എന്നാൽ, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയ തക്കം നോക്കി പ്രതി കൈവിലങ്ങ് ഊരിയെടുത്ത് സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് തിരുവല്ല, പുളിക്കീഴ് മേഖലകളിലും സമീപ പ്രദേശങ്ങളിലും പൊലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പൊലീസ് സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചു.

