തിരുവല്ലയിലെ സ്പാ കേന്ദ്രങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന; മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസ്

തിരുവല്ല : തിരുവല്ല നഗരത്തിലും പരിസരങ്ങളിലുമുള്ള സ്പാ കേന്ദ്രങ്ങളിൽ പോലീസിന്റെ വ്യാപക മിന്നൽ പരിശോധന. അനാശാസ്യ പ്രവർത്തനങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. മഞ്ഞാടി, കുറ്റൂർ മേഖലകളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

തിരുവല്ല നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം പതിമൂന്നോളം സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പോലീസിന്റെ ഇടപെടൽ. മഞ്ഞാടിയിൽ പ്രവർത്തിച്ചിരുന്ന 'ആൻ സ്പാ', 'ആയുഷ് വെൽനെസ്', കുറ്റൂരിലെ 'അല്യൂറ സ്പാ' എന്നിവയ്ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റ് ഉൾപ്പെടെയുള്ള അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ ഇടപാടുകളും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെയും നാട്ടുകാരുടെ പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പ്രവർത്തനത്തിന് ആവശ്യമായ നിയമപരമായ അനുമതികളോ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസോ ഇല്ലാതെയാണ് ഇവയിൽ പലതും പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. അനാശാസ്യ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്നും ജീവനക്കാർക്കും ഉടമകൾക്കുമെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. തിരുവല്ല സിഐ കെ.എസ്. ഗോപകുമാർ, എസ്ഐ റിയാസ്, പുളിക്കീഴ് എസ്ഐ ധന്യ എന്നിവരടങ്ങിയ സംഘം വിവിധ കേന്ദ്രങ്ങളിൽ ഒരേസമയമാണ് പരിശോധന നടത്തിയത്.

നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റ് സമാന കേന്ദ്രങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് തിരുവല്ല സിഐ കെ.എസ്. ഗോപകുമാർ വ്യക്തമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ