മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണപ്പണയ തിരിമറി

 മല്ലപ്പള്ളി: മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. സംഭവത്തിൽ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരിശോധനയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ചില ഇടപാടുകാരുടെ പണയസ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ വിശദമായ കണക്കെടുപ്പിലാണ് ഒരുകോടി രൂപയിലധികം വരുന്ന തിരിമറിയുടെ വിവരങ്ങൾ വ്യക്തമായത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

പണയസ്വർണം കൈക്കലാക്കി തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് ബാങ്കിലെ പ്യൂൺ തസ്തികയിലുള്ള ജീവനക്കാരനെതിരെ ഭരണസമിതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഇയാൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. എന്നാൽ, ബാങ്കിലെ പണയസ്വർണം കൈകാര്യം ചെയ്യുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും പൂർണ്ണ ചുമതല സെക്രട്ടറിയുടെ അധികാര പരിധിയിലായതിനാൽ, ഉന്നത ഉദ്യോഗസ്ഥരുടെ അറിവോ സഹായമോ ഇല്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവം പുറത്തുവന്നതിന് പിന്നാലെ ബാങ്ക് ഭരണസമിതി അടിയന്തര യോഗം വിളിച്ചുചേർത്തു. യോഗത്തിന് ശേഷം കുറ്റക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഔദ്യോഗികമായി അറിയിക്കുമെന്ന് ഭരണസമിതി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ബാങ്കിലെ മറ്റ് ജീവനക്കാരെയും ചുമതലയുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ