മല്ലപ്പള്ളി–പുല്ലുകുത്തി റോഡ് തകർന്നു; വൻ കുഴികൾ അപകടക്കെണിയാകുന്നു



മല്ലപ്പള്ളി : ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പൊതുമരാമത്ത് റോഡ് തകർന്ന് ഗതാഗതം ദുരിതപൂർണ്ണമാകുന്നു. റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാരും സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കടുത്ത അപകടഭീതിയിലാണ് സഞ്ചരിക്കുന്നത്.

പുല്ലുകുത്തി പമ്പ്ഹൗസിന് സമീപം റോഡിന്റെ വീതി മുഴുവൻ കവർന്നാണ് വൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്ത് വാഹനങ്ങൾ കുഴി ഒഴിവാക്കാനായി റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കേണ്ടി വരുന്നത് വളവിൽ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയും ദിവസേന ഇതിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യുകയാണ്. അടുത്തിടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയെങ്കിലും അധികം വൈകാതെ വീണ്ടും തകരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

തൊട്ടിപടിയിൽ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പുനർനിർമിച്ചെങ്കിലും ഇതിന്റെ സമീപഭാഗങ്ങളിൽ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ, മല്ലപ്പള്ളി തേലമണ്ണിൽപടിയ്ക്ക് സമീപം പാകിയ പൂട്ടുകട്ടകൾ ഇളകിമാറിയതും അപകടക്കെണിയൊരുക്കുന്നു. പൂട്ടുകട്ടയോട് ചേർന്നുള്ള ഭാഗത്തെ ടാറിങ് പൂർണ്ണമായി ഇളകിപ്പോയി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, സ്കൂൾ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. വളവുകളിലെ കുഴികൾ വലിയ അത്യാഹിതങ്ങൾക്ക് വഴിവെക്കും മുൻപ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ