അനധികൃതമായി പച്ചമണ്ണ് കടത്തിയതിന് ടിപ്പർ ലോറി കീഴ്വായ്പൂര് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തുരുത്തിക്കാട് ഭാഗത്തുനിന്നും പച്ചമണ്ണ് കയറ്റിവന്ന ടിപ്പർ പിടികൂടിയത്. മതിയായ പാസോ അനുമതിപ്പത്രമോ ഇല്ലാതെ ഖനനം ചെയ്തെടുത്തു കയറ്റിക്കൊണ്ടുവന്നതാണെന്ന് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നാണ് പോലീസ്, ലോറി കസ്റ്റഡിയിലെടുത്തത്.
പരുമല പള്ളിപ്പെരുന്നാൾ പ്രമാണിച്ച് തീർഥാടകർക്കും വഴിയാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാൻ പെരുന്നാൾ ദിവസങ്ങളിൽ ജില്ലയിൽ ടിപ്പർ ലോറികൾ ഓടിക്കരുതെന്ന ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് ടിപ്പർ ഓടിയത്. ലോറി ഡ്രൈവർ കവിയൂർ കോട്ടൂർ ആനപ്പാറക്കൽ രാജീവി (43)നെ പ്രതിയാക്കി കേസെടുത്തു. സിപിഒമാരായ ഷഫീക്, വരുൺ എന്നിവരും എസ്ഐക്കൊപ്പമുണ്ടായിരുന്നു.