മല്ലപ്പള്ളി കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ പത്ത് മണിയോടെ കുന്നംന്താനം പി എച്ച് സി യിലാണ് സംഭവം. കുന്നംന്താനം സ്വദേശി ലിനു തോമസ് എന്ന 38 കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്.
തോക്കുമായി നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ തോക്ക് മേശപ്പുറത്ത് വെച്ച് അവിടിരിക്കട്ടെ എന്നും പറഞ്ഞു. ഇയാളുടെ പ്രവർത്തിയിൽ ഭയന്നുപോയ ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും എത്തിയപ്പോൾ വളരെ വേഗം പുറത്തിറങ്ങിയ ഇയാൾ വാഹനവുമായി രക്ഷപ്പെട്ടു.
പിന്നീട് പൊലീസ് ലിനു തോമസിനെ പിടികൂടി. നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് ലിനു തോമസ് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പിടിയിലായ സമയത്ത്, താൻ ഡോക്ടറാണ് എന്നാണ് ലിനു തോമസ് അവകാശപ്പെട്ടത്.
പരസ്പര വിരുദ്ധമായിട്ടാണ് ഇയാള്‍ സംസാരിച്ചത്. കോടതി നിർദേശ പ്രകാരം ആവശ്യമെങ്കിൽ വൈദ്യപരിശോധനക്കോ ചികിത്സക്കോ കൊണ്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

