കറുകച്ചാൽ മേഴ്സി റോഡിൽ പ്രവർത്തിക്കുന്ന ആക്രി കടയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായി. പുലർച്ചെ ഏകദേശം 4 മണിയോടെയാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ മേഴ്സി ആശുപത്രിയിലെ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞതും ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചതും.
വിവരമറിഞ്ഞ ഉടൻ തന്നെ ചങ്ങനാശേരി, കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നായി 9 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളോളം നീണ്ട കഠിനശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ ഭൂരിഭാഗവും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

