മല്ലപ്പള്ളി: വരാനിരിക്കുന്ന കാലവർഷക്കെടുതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കും സ്കൂളുകൾക്കും കളിക്കളങ്ങൾക്കും ഭീഷണിയായി നിൽക്കുന്നതും, വൈദ്യുതി ലൈനുകൾക്ക് സമീപമുള്ളതുമായ അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളും അവയുടെ ശാഖകളും വസ്തു ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും അടിയന്തരമായി വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂടാതെ, വിഷപ്പാമ്പുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കാൻ ഉപയോഗശൂന്യമായി കിടക്കുന്ന സ്വകാര്യ പുരയിടങ്ങളിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാകുന്ന ഏതൊരു നഷ്ടത്തിനും വസ്തു ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികൾ. വീഴ്ച വരുത്തുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഭരണകൂടം മുന്നറിയിപ്പ് നൽകി.

