തിരുവല്ല പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ തിരുവല്ല-കായംകുളം സംസ്ഥാന പാതയിലായിരുന്നു അപകടം.
ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ബസ്സിലെ 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ 21 പേരെ പുഷ്പഗിരി ആശുപത്രിയിലും 3 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

