ട്രെയിൻ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം; പത്തനംതിട്ട സ്വദേശിയായ യുവാവ് ഈറോഡിൽ അറസ്റ്റിൽ

 ഈറോഡ്: ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗും പണവും സ്വർണാഭരണങ്ങളും സ്ഥിരമായി കവരുന്ന മലയാളി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോയിപ്രം സ്വദേശിയായ വിഷ്ണു (22) ആണ് തമിഴ്നാട്ടിലെ ഈറോഡിൽ പിടിയിലായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ നടന്ന മോഷണങ്ങളാണ് പ്രതിയെ കുടുക്കിയത്. ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ഒരു വനിതയുടെ പണവും മൊബൈൽ ഫോണുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു. ഇതേ ട്രെയിനിലെ മറ്റൊരു യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തതും ഇയാളാണ്.

മോഷണത്തിനിരയായ യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേലം ആർ.പി.എഫും (റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്) ഈറോഡ് റെയിൽവേ പൊലീസും സംയുക്തമായി ഊർജ്ജിതമായ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈറോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതി അന്വേഷണ സംഘത്തിന്റെ വലയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് വ്യക്തമായി.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിഷ്ണുവിനെതിരെ നിലവിൽ 14 മോഷണക്കേസുകളുണ്ടെന്ന് ഈറോഡ് റെയിൽവേ പൊലീസ് അറിയിച്ചു. സ്ഥിരം കുറ്റവാളിയായതിനാൽ പ്രതിക്കെതിരെ ഗുണ്ടാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയിൽ നിന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും അടങ്ങിയ ബാഗ് അന്വേഷണ സംഘം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ