മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ പൈപ്പുകളിടുന്നു

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ പൈപ്പുകളിടുന്നു. മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകൾ പൂർണമായും കോട്ടാങ്ങലെ 1, 2, 3, 11, 12, 13 വാർഡുകളും ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിക്കായാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഒന്നര വർഷമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിച്ചത് വരൾച്ച പിടിമുറുക്കിയ നാടിന് ആശ്വാസമായിട്ടുണ്ട്.ആനിക്കാട് പുളിക്കാമലയിലെ ജല ശുദ്ധീകരണശാല മുതൽ ഓമമണ്ണിൽപടി വരെയുള്ള പഞ്ചായത്ത് റോഡാണ് ഇപ്പോൾ കുഴിച്ച് പൈപ്പിടുന്നത്.

200 മുതൽ 400 മില്ലിമീറ്റർ വരെ വ്യാസമുള്ള കുഴലുകൾ 90 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ചിടാനാണ് എസ്റ്റിമേറ്റ്. എന്നാൽ റോഡിൽ കുഴിക്കുമ്പോൾ നിറയെ കൂറ്റൻ പാറകളാണ്. ഇവ പൊട്ടിച്ചും യന്ത്രം ഉപയോഗിച്ച് ഇളക്കിയും മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ടാണ്. വിചാരിച്ച വേഗത്തിൽ പണി നീങ്ങുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. മണിമലയാറ്റിൽനിന്ന് ശുദ്ധീകരണ ശാലയിലേക്ക് ജലമെത്തിക്കാനാണ് 400 എം.എം. വ്യാസമുള്ള വലിയ പൈപ്പ്.

മറ്റ് രണ്ടെണ്ണം ഹനുമാൻ കുഴി, പെരുമ്പാറ സംഭരണികളിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതിനും. മൂന്ന് കുഴലുകളും കൂടി ഒരേ കാനയിൽ ഇട്ട് പോകുന്നതിനാൽ വഴി കാണാനാവാത്തവിധമായിക്കഴിഞ്ഞു. ഗതാഗതവും മുടങ്ങി. ഓമമണ്ണിൽപടി മുതൽ പുല്ലുകുത്തിവഴി കോഴിമണ്ണിൽ കടവിലേക്ക് പി.ഡബ്ല്യു.ഡി. റോഡ് കുഴിച്ചാണ് പൈപ്പിടേണ്ടത്. ജലജീവൻ മിഷൻ അടക്കം പൈപ്പിടാൻ മൂന്ന് കോടിയിലധികം രൂപ പൊതുമരാമത്ത് വകുപ്പിന് നൽകേണ്ടതുണ്ട്. പണമടച്ച ഭാഗത്തെ പണിയാണ് ആദ്യം തുടങ്ങുക. പഞ്ചായത്ത് റോഡ് പൂർവസ്ഥിതിയിലാക്കാൻ പ്രത്യേക പണമില്ല. അത്യാവശ്യമുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തു നൽകുമെന്ന് പ്രോജക്റ്റ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എസ്.സുനിൽ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ