ആറന്മുള സത്രക്കടവില്‍ രണ്ടാഴ്ച പഴകിയ മൃതദേഹം, കാണാതായ 23കാരന്റേതെന്ന് സംശയം


ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഒക്ടോബര്‍ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. ഇടത്തറയില്‍ സാധനം വാങ്ങാൻ ഓട്ടോ നിര്‍ത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കി.

ഇടത്തറക്കടുത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം. പക്ഷെ സംഗീത് എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് പ്രദീപ്. വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ സംഗീത് ഇടയ്ക്ക് പങ്കുവച്ചിരുന്നെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്ന് കണ്ടെത്തിയ മൃതദേഹം സംഗീതിന്റെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ വസ്ത്രവും വാച്ചും തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ