കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിത്തുവേലിചന്ത ഇന്ന് ശനിയാഴ്ച നടക്കും.
മണിമലയാറ്റിലെ കറുത്തവടശ്ശേരികടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ രാവിലെ 9.30-ന് വിപണി തുടങ്ങും. കാർഷിക-നാടൻ കന്നുകാലി പ്രദർശനവും ഉണ്ട്.
പഞ്ചായത്തിലെ കുട്ടിക്കർഷക ദിയ വി.സത്യൻ, മുതിർന്ന കർഷക തൊഴിലാളി വി.എസ്.പാപ്പൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
കൃഷിപ്രോത്സാഹനം ലക്ഷ്യമിട്ട് ഒരുക്കുന്ന ചന്തയിൽ കിഴങ്ങുവിളകൾ ഉൾപ്പെടെയുള്ള നടീൽ വസ്തുക്കളാണ് പ്രധാനമായും എത്തുക.
അന്യംനിന്നുകൊണ്ടിരിക്കുന്ന നിരവധി കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ശേഖരിച്ചത്.
കല്ലൂപ്പാറ പാളത്തൈരാണ് മറ്റൊരാകർഷകം. പാളയിൽ തയ്യാറാക്കുന്ന കട്ടത്തൈരിന് രുചിയും ഔഷധഗുണവുമുണ്ട്.
നാടൻ, സങ്കര ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകളും തൈകളും അപൂർവയിനം വൃക്ഷങ്ങളുടൈ തൈകളും വിൽപ്പനയ്ക്ക് ഉണ്ടാകും. കൂൺ വിത്ത്, കൂൺവിഭവങ്ങൾ, തേൻ ഉത്പന്നങ്ങൾ, ചക്കവിഭവം, ചമ്മന്തിപ്പൊടി, കറിപ്പൊടികൾ, ജൈവരീതിയിൽ കൃഷിചെയ്ത് തവിട് കളയാതെ കുത്തിയെടുത്ത അരി തുടങ്ങിയവയും ചന്തയിലെത്തും.