കുടിവെള്ളം മുട്ടി മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾ

വേനല്‍ കനത്തതോടെ ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായതുകളിൽ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്.

 ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശങ്ങളിലെ സമഗ്ര ശുദ്ധജല പദ്ധതിയുടെ നിർമാണം 4 വർഷം മുൻപ് തുടങ്ങിയെങ്കിലും ഇത് വരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പദ്ധതികൾ അപര്യാപ്തമായതുകൊണ്ടും ശുദ്ധീകരിക്കാത്ത വെള്ളം നൽകുന്നതും കണക്കിലെടുത്താണ് പുതിയപദ്ധതി അനുവദിച്ചത്.

ജലശുദ്ധീകരണശാല, പമ്പ്ഹൗസ് എന്നിവ പൂർത്തിയായെങ്കിലും പൈപ്പിടൽ ആരംഭിച്ചിട്ട് പോലും ഇല്ല. പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുന്നത് പൊതുമരാമത്തും ജലവിഭവ വകുപ്പും തമ്മിലുള്ള കൊമ്പുകോർക്കൽ  കാരണമാണ്. 

റോഡിലെ എല്ലാ പ്രവൃത്തികൾക്കുമായി പി.ഡബ്ല്യു.ഡി. ആദ്യം ആവശ്യപ്പെട്ടിരുന്നത് 3.46 കോടി രൂപയാണ്. ജലവിഭവ വകുപ്പിന് പണമില്ലാത്തതിനാൽ മുടങ്ങിയതിനെ തുടർന്ന് മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിലേക്ക് മാത്രമുള്ള പൈപ്പുകൾ ഇടുന്ന ഭാഗം നന്നാക്കാൻ പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ തയ്യാറാക്കി ഒൻപതര ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സബ് ഡിവിഷൻ മുഖാന്തരം സമർപ്പിച്ചു. ഇത് പരിശോധന നടത്താനെത്തിയ എക്സിക്യുട്ടീവ് എൻജിനീയർ എസ്റ്റിമേറ്റിൽ പിഴവുകളുണ്ടെന്ന് വിലയിരുത്തി തിരിച്ചയച്ചു. 

200 മുതൽ 400 മില്ലി മീറ്റർവരെ വ്യാസമുള്ള കുഴലുകളാണ് 90 സെന്റീമീറ്റർ ആഴത്തിൽ ഇവിടെ കുഴിച്ചിടേണ്ടത്. ഒരു മീറ്ററോളം വീതിയിൽ കുഴിയെടുക്കുമ്പോൾ നിലവിലുള്ള റോഡിന്റെ അടിത്തറ നഷ്ടപ്പെടും. കൂടാതെ വളവുകളിൽ റോഡിലേക്ക് കൂടുതൽ കയറേണ്ടിവരും. മൂന്ന് കിലോമീറ്റർ ദൂരം 20 സെന്റീമീറ്റർ കനത്തിൽ മെറ്റൽ മണൽ മിശ്രിതം ഇട്ട് ഉറപ്പിക്കാൻതന്നെ 12 ലക്ഷം രൂപയാകും. ടാർ ഉപരിതലത്തിന് വെളിയിലൂടെ മാത്രം കുറഞ്ഞ വീതിയിൽ ചെറിയ പൈപ്പ് ഇടുന്നതിനുള്ള എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചിരുന്നത് അതിനാൽ അംഗീകരിക്കാനാവില്ലെന്ന് എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നത്.

നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത് വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡി.യും തമ്മിൽ ഉള്ള ഈ വടംവലി ആണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ