കോട്ടാങ്ങൽ വലിയ പടയണി ഇന്ന്

 കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിൽ കോട്ടാങ്ങൽ കരയുടെ ഊഴം. വലിയ പടയണിയുടെ ആവേശത്തിമിർപ്പിലാണ് നാട്. തിങ്കളാഴ്ച വൈകീട്ട് മഠത്തിൽ വേല തുടങ്ങും. കച്ചയണിഞ്ഞ കുരുന്നുകൾ പയറ്റുമുറകൾ കാട്ടും. തുടർന്ന് കിഴക്കേ നടയിൽ തിരുമുൻപിൽ വേല, തിരുമുൻപിൽ പറ എന്നിവ നടക്കും.

വലിയ പടയണി നാളുകളിൽ തിരുമുഖം ചാർത്തി ദേവീദർശനമെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 8.30 മുതൽ 10.30 വരെയും രാത്രി എട്ട് മുതൽ 10.30 വരെയും പറ വഴിപാട് നടത്താം. രാത്രി 12 മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ച് പച്ചപ്പാളകളിൽ ദേവീരൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവികോലം കളത്തിലെത്തും.

തുടർന്ന് 64,32,16 പാള ഭൈരവികൾ, യക്ഷി, അരക്കി യക്ഷി, മറുത, കൂട്ടമറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കടന്നുവരും. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങളും അവതരിപ്പിക്കുന്നു.

മാർക്കണ്ഡേയ ചരിതം ആണ് കാലൻ കോലത്തിന്റെ ഇതിവൃത്തം. മൃത്യുഭീതിയിൽ നിന്നും മോചനം നേടാൻ കരക്കാർ കാലൻകോലം വഴിപാട് കഴിക്കുന്നു.

സകല തെറ്റുകളും പൊറുത്തു അനുഗ്രഹമേകണം എന്ന പ്രാർത്ഥനയോടെ മംഗളഭൈരവി കളത്തിൽ എത്തുന്നതോടെ വലിയ പടയണി സമാപിക്കും. ഞായറാഴ്ച കുളത്തൂർ കരക്കാരുടെ വലിയ പടയണി നടന്നു.

തിരുമുൻപിൽ വേല, മറ്റു പടയണി ചടങ്ങുകൾ എന്നിവയ്ക്ക് ശേഷം ആചാരപരമായി കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുത്തു. ചൊവ്വാഴ്ച ഭരണി നാളിൽ ഇരുകരക്കാരും കൈകൾ കോർത്ത് പുലവൃത്തം തുള്ളുന്നതോടെ എട്ടു നാൾ നീണ്ട മത്സരപടയണിക്കു ശുഭാന്ത്യം കുറിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ