വിബിത ബാബുവിനെതിരെ പരാതി; പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയെന്ന് ആരോപണം

തിരുവല്ല മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി. പാലാ സ്വദേശിയായ പ്രവാസിയാണ് പരാതി നല്‍കിയത്. ഇയാളെ കബളിപ്പിച്ച് പല തവണയായി 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പാലാ സ്വദേശിയായ പ്രവാസിക്കെതിരെ വിബിത ബാബുവും പരാതി നല്‍കിയിട്ടുണ്ട്. വക്കീല്‍ ഓഫീസില്‍ കയറി തന്നെ ആക്രമിച്ചെന്നാണ് വിബിത ബാബുവിന്റെ പരാതി. അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയെ കബളിപ്പിച്ചെന്നും പലതവണയായി 14 ലക്ഷം രൂപ വിബിതയ്ക്ക് അയച്ചുകൊടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പണം അയച്ചുനല്‍കിയതിന്റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളായിട്ടാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. വിബിത സുഹൃത്ത് വഴിയാണ് മാത്യു സെബാസ്റ്റ്യൻ പരിചയപ്പെട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വസ്തു സംബന്ധമായ കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 19നും 2021 ജനുവരി ഏഴിനുമിടയിൽ മണി ട്രാൻസ്ഫർ വഴി 8,78,117 രൂപയും 2021 മാർച്ച് 13 മുതൽ ഏപ്രിൽ 15വരെ 1,41,985 രൂപയും വാങ്ങി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനെന്ന പേരിൽ വിബിതയുടെ അച്ഛൻ ബാബുവിന്‍റെ അക്കൗണ്ടിലേക്ക് 2,91,984 രൂപയും വിബിതയുടെ നിർദേശാനുസരണം സുഹൃത്തിന്‍റെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും ഉൾപ്പെടെ 14,16,294 രൂപയും വാങ്ങിയെന്നാണ് എഫ്ഐആർ.

കൊവിഡ് കാലം കഴിഞ്ഞശേഷം പണം തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം. പണം കിട്ടില്ലെന്ന് മനസിലായപ്പോൾ ജൂൺ 17ന് വിബിതയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തിരുവല്ല പോലീസിൽ കേസ് കൊടുത്തതെന്നാണ് റിപ്പോർട്ട്.

ഈ പരാതിക്ക് പിന്നാലെയാണ് വിബിത ബാബു പരാതിക്കാരനെതിരെ മറ്റൊരു പരാതി നല്‍കിയത്. തന്റെ ഓഫീസില്‍ കയറി ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് പ്രവാസിക്കെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ