2021 ഒക്ടോബർ 17-ന് സമീപന പാത വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മണിമലയാറ്റിലെ കോമളം കടവിൽ യാത്രാമാർഗം ഒരുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരുമാസംകൂടി വേണമെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇനിയും കാലതാമസം അനുവദിക്കാനാവില്ലെന്നും 15 ദിവസങ്ങൾക്കുള്ളിൽ അറിയിക്കണമെന്നും കോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരാണ് കോമളം ജനകീയവേദിയുടെ ഹർജി പരിഗണിച്ച് ഇങ്ങനെ നിർദേശം നൽകിയത്.
എസ്റ്റിമേറ്റിനെക്കാൾ 23.99 ശതമാനം അധികനിരക്കിലാണ് പുതിയ പാലം നിർമിക്കാനുള്ള കുറഞ്ഞ ടെൻഡറെന്നും ഇത് നൽകിയ ആളുമായി കൂടിക്കാഴ്ച നടത്തുകയും മന്ത്രിസഭയുടെ അംഗീകാരം നേടാനും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടതായും പി.ഡബ്ല്യു.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾക്കായി ഫെബ്രുവരി 18 വരെ സമയമാണ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് 15 ദിവസമായി കോടതി വെട്ടിച്ചുരുക്കിയത്.
യാത്രാദുരിതമകറ്റാൻ ഷട്ടിൽ സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സി. പരിഗണിക്കണമെന്നും താത്‌കാലിക പാലം നിർമിക്കുന്ന കാര്യം പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 10-ന് കേസ് വീണ്ടും പരിഗണിക്കും.