പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി നാലാം വാർഡ് മെമ്പർ യു.ഡി.എഫിലെ വിനീത് കുമാറിനെ തിരഞ്ഞെടുത്തു.
തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ വിനീതിന് ഏഴും എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ ഷിജു പി. കുരുവിളയ്ക്ക് ആറു വോട്ടും ലഭിച്ചു. എൽ.ഡി.എഫിന്റെ പ്രസിഡന്റായിരുന്ന സൗമ്യ ജോബി രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിനീതിന്റെ പേര് ജോളി ജോൺ നിർദേശിച്ചു. റിൻസി തോമസ് പിന്താങ്ങി. പുല്ലാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി വരണാധികാരിയായിരുന്നു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് വിനീത് കുമാർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും പുറമറ്റം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.