പുല്ലാടുള്ള സ്വർണക്കടയിൽ നിന്നും മാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് പിടിയിൽ

പുല്ലാടുള്ള സ്വർണക്കടയിൽ നിന്നും നാലു പവൻ വരുന്ന മാല തട്ടിപ്പറിച്ചു കടന്നുകളഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. പുല്ലാട് പ്രവർത്തിക്കുന്ന കൃഷ്ണൻ നായർ സ്വർണക്കട എന്ന ജ്വല്ലറിയിൽ മാല വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവാണ് സെയിൽസ്മാന്റെ കയ്യിൽ നിന്നും നാലു പവൻ തൂക്കം വരുന്ന മാല തട്ടിയെടുത്ത് ഓടിരക്ഷപ്പെട്ടത്. ആലപ്പുഴ തകഴി  വിരുപ്പാല കണ്ണന്താനം മണിക്കുട്ടന്റെ  മകൻ കണ്ണനെന്നു വിളിക്കുന്ന അഖിൽ ദേവ് (32) ആണ് കോയിപ്രം പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ അതിവേഗം കുടുങ്ങിയത്. 

തിരുവല്ല കവിയൂർ ക്ഷേത്രത്തിലെ താൽക്കാലിക നാദസ്വരവിദ്വാനായി ജോലി ചെയ്യുകയാണ്  പ്രതി. മാല തെരഞ്ഞെടുത്തുകാണിച്ച സെയിൽസ് മാനോട്, ഫോണിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു മുന്നോട്ടുവന്നശേഷം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ജീവനക്കാർ കൂടെ ഓടിയെങ്കിലും, റോഡുവക്കിൽ വച്ചിരുന്ന സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഉച്ചക്ക് 12.45 ന് കടയിലെത്തിയ ഇയാൾ, മൂന്നര പവൻ വരുന്ന മാലയാണ് ആവശ്യപ്പെട്ടത്, ഭാര്യയുടെ അനുജത്തിയുടെ വിവാഹ ആവശ്യത്തിനാണെന്ന് ജീവനക്കാരനോട് പറയുകയും ചെയ്തു.

ആവശ്യപ്പെട്ട തൂക്കത്തിലുള്ള രണ്ട് മാലകൾ എടുത്ത് കാട്ടിയപ്പോൾ ഫോട്ടോ ഫോണിലെടുത്ത് ഭാര്യക്ക് അയച്ചുകൊടുത്തശേഷം ഫോണിൽ സംസാരിച്ചു. അയാൾ തെരഞ്ഞെടുത്ത 32 ഗ്രാം 800 മില്ലിഗ്രാം മാലയുടെ തൂക്കം നോക്കിയശേഷം സെയിൽസ് മാൻ തുകകൂട്ടുന്ന സമയം, ഹാൾമാർക്ക് മുദ്രയുണ്ടോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞ് എടുത്തുകൊണ്ടു ഓടുകയായിരുന്നു. പിന്നീട് സ്കൂട്ടറിൽ കയറി തിരുവല്ല ഭാഗത്തേക്ക് ഓടിച്ചുപോയി. ജീവനക്കാരും മറ്റും കൂടെ ഓടിയെങ്കിലും പിടികൂടാനായില്ല. സെയിൽസ് മാൻ മോട്ടോർ സൈക്കിളിൽ പിന്തുടർന്നുപോയി നോക്കിയിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. 

സെയിൽസ്മാന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഉടനടി അന്വേഷണം ആരംഭിച്ച കോയിപ്രം പോലീസ്, തിരുവല്ല ഡി വൈ എസ് പി അഷദിന്റെ നിർദേശാനുസരണം കടയിലെയും, മോഷ്ടാവ് പോയ ഭാഗങ്ങളിലെയും ഇരുന്നൂറോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. പുല്ലാട് മുതൽ തിരുവല്ല വരെയുള്ള റോഡുവക്കിലെ സ്ഥാപനങ്ങളിലെയും മറ്റും ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ, പ്രതി കവിയൂർ ക്ഷേത്രത്തിനു സമീപം വരെ സ്കൂട്ടറിൽ സഞ്ചരിച്ചതായി കണ്ടെത്തി. സി സി ടി വിയിൽ നിന്നും ഹെൽമെറ്റ്‌ ധരിക്കാതെയുള്ള ഫോട്ടോ കിട്ടിയിരുന്നു. ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരെ ഫോട്ടോ കാണിച്ച് അന്വേഷണം  നടത്തിയതിനെതുടർന്നാണ് ഇവിടുത്തെ താൽക്കാലിക ജീവനക്കാരനായ അഖിൽ ദേവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ താമസിക്കുന്ന ക്ഷേത്രകോമ്പൗണ്ടിനോട് ചേർന്നുള്ള കെട്ടിടത്തിന് മുൻവശം വച്ച് കണ്ട് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സഞ്ചരിച്ച സ്കൂട്ടർ, താമസ്ഥലത്തോട് ചേർന്നുള്ള സ്റ്റെയർ കേസിന് കീഴിൽനിന്നും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഈ സ്കൂട്ടറിലെത്തി കടയിൽ നിന്നും സ്വർണമാല കവർന്നെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. 

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞതിനെതുടർന്ന് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ നാലാം തിയതി 174000 രൂപ ബാങ്ക് ഓഫ് ബറോഡയിലെ ഇയാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതായുള്ള സന്ദേശം കണ്ടെത്തി. സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽ നിന്നും ഇയാളുടെ ഹെൽമെറ്റ്‌, ഷോൾഡർ ബാഗ്, മഴക്കോട്ട് എന്നിവ കണ്ടെടുത്തു.

തുടർന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച മാല ആലപ്പുഴയിലുള്ള ഒരു സ്വർണക്കടയിൽ വിറ്റതായും, കടബാധ്യത വീട്ടാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നും സമ്മതിച്ചു. ഇയാളുടെ കുറ്റസമ്മതമൊഴി പോലീസ് രേഖപ്പെടുത്തി, വിരലടയാളങ്ങൾ ശേഖരിക്കുകയും, ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആലപ്പുഴയിൽ സ്വർണക്കടയിലെത്തി മാല  കണ്ടെടുത്തു. സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ്  അതിവേഗത്തിലും ഊർജ്ജിതമായും നടത്തിയ നീക്കത്തിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ  സജീഷ് കുമാറിന്റെ നേതൃത്വത്തിൽ  എസ് ഐ ഉണ്ണികൃഷ്ണൻ, സി പി ഓമാരായ അഭിലാഷ്, സുജിത് പ്രസാദ്, ജോബിൻ, അരുൺ കുമാർ,  ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ സി പി ഓ സുജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ കുടുക്കിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ