സംസ്ഥാനത്ത് നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡി.സി.സി. ഓഫീസില്‍ നിന്ന് ബേക്കറി ജങ്ഷൻ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പി.പി. ചിത്തിരഞ്ജൻ എം.എല്‍.എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റര്‍ ഇപ്പുറത്ത് പോലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച്‌ തടഞ്ഞു.

ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പോലീസ് മൂന്നുതവണ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ, പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്നു.

വീണ്ടും പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. വനിതാ പ്രവര്‍ത്തകയുടെ മൂക്ക് പൊട്ടി രക്തമൊഴുകി. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ