സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസുകൾ നിർത്തിയതിനാൽ കോട്ടാങ്ങൽ പഞ്ചായത്തിൽ യാത്രാക്ലേശം വർധിച്ചു. ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്ന് മല്ലപ്പള്ളി താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു.
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ശൗചാലയത്തിലെ പൈപ്പുകൾ പൊട്ടി ഉപയോഗയോഗ്യമല്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശിച്ചു. കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ ആയുർവേദാശുപത്രി കെട്ടിടത്തിന് മുകളിലേക്ക് അടുത്തിടെ മണ്ണ് ഇടിഞ്ഞുവീണിരുന്നു. അപകടം ഒഴിവാക്കാൻ കെട്ടിടത്തിന് ചുറ്റും ഇടം കിട്ടുംവിധം മണ്ണ് നീക്കംചെയ്യണം. ഇതിന് ജിയോളജി വകുപ്പിൽനിന്ന് അനുമതി നേടാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.
ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉള്ളതിനാൽ ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷനിലെ ഒരു പ്രതിനിധി താലൂക്ക് വികസനസമിതിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൂശാരിക്കവലയിൽ പൈപ്പിടാൻ എടുത്ത കുഴി അപകടത്തിന് ഇടയാക്കുന്നതായി പരാതി വന്നു. എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.എബ്രഹാം അധ്യക്ഷത വഹിച്ചു.
പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി, സാം, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, മെമ്പർമാരായ തോമസ്, റെജി ചാക്കോ, തഹസിൽദാർ പി.ഡി.മനോഹരൻ, ഭൂരേഖ തഹസിൽദാർ പി.ഡി.സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.