വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് യുവതിയെ വശീകരിച്ച് വിവാഹ വാഗ്ദാനം ചെയ്തശേഷം പലസ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
റാന്നി ഡിപ്പോയിലെ ഡ്രൈവറായ ഇദ്ദേഹം വെച്ചൂച്ചിറ സ്വദേശിനിയെ ഫോണിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകിയശേഷം നാലുവർഷമായി യുവതിയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വെച്ചാണ് പീഡിപ്പിച്ചത്. യുവതി ഇന്നലെ സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി. യുവതിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായിട്ടാണ് മൊഴി.
പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഓമാരായ പി.കെ.ലാല്‍, ശ്യാം, അന്‍സാരി എന്നിവരാണ് ഉണ്ടായിരുന്നത്.