പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടൻമല ഉദയഭവനം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ഉദയകുമാറാ(26)ണ് പിടിയിലായത്. കേസെടുത്തത് അറിഞ്ഞ്, മൊബൈൽ ഫോൺ ഓഫാക്കിയശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് റാന്നി മക്കപ്പുഴയിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പെരുനാട് പോലീസ് ഇൻസ്പെക്ടർ ആർ എസ് ആദർശ് നേതൃത്വം നൽകി. സിപിഒമാരായ അഖിൽ,ശരത്, ഹരിദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.