പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും, ആ കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തില്‍ ഇസാഫ് ബാങ്കിന്റെ മല്ലപ്പള്ളി തിയേറ്റര്‍ ജംങ്ഷനിലെ ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ബാങ്ക് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ സി അഭീഷ് ഉദ്ഘാടനം ചെയ്തു. ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ ബാങ്ക് പൂര്‍ണ്ണമായി എഴുതി തള്ളണമെന്നും, ഇനിയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ യുവജന പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോയേഷ് പോത്തന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് ട്രഷറാര്‍ സുനില്‍ പീറ്റര്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി റെജിന്‍ രവി, ബിനോജ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.