ചങ്ങനാശേരി: നഗരത്തിലെ അപ്‌സര തീയറ്ററിന് സമീപമുള്ള ഗോഡൗണിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. പിക്കപ്പ് വാനിൽ നിന്നും ഗോഡൗണിലേക്ക് സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഏകദേശം 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും കടത്താൻ ഉപയോഗിച്ച ബെലേറോ പിക്കപ്പ് വാൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ളായിക്കാട് കുന്നുപറമ്പിൽ ശരൺ ശശി (31), കാക്കാംതോട് വാലുമ്മേച്ചിറ ടി. ഹരീഷ് (35), മാനന്തവാടി വിമലനഗർ പടിഞ്ഞാറേതിൽ രാജേഷ് (46) എന്നിവരാണ് അറസ്റ്റിലായവർ. ചങ്ങനാശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. എസ്ഐമാരായ സജിത്, അരുൺദേവ്, രാജേഷ്, പ്രബേഷണൽ എസ്ഐ സുകേഷ്, സി.പി.ഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
മൈസൂറിൽ നിന്നുമാണ് കെ.എൽ-72 ഇ-3915 നമ്പറിലുള്ള പിക്കപ്പ് വാനിൽ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചത്. ഗോഡൗൺ ഉടമ ഫാത്തിമാപുരം പുത്തൻപറമ്പിൽ മുഹമ്മദ് സമീർഖാൻ, പിക്കപ്പ് വാൻ ഉടമ വയനാട് തരുവനം സ്വദേശി പി. ബാബു എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന കർശന പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. റെയ്ഡിന് ശേഷം ഗോഡൗൺ പോലീസ് പൂട്ടി സീൽ ചെയ്തു. പിടിച്ചെടുത്ത വാഹനം ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

