13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി: റാന്നി സ്വദേശി അറസ്റ്റിൽ

റാന്നി സ്വദേശിനിയായ 13 കാരിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (34) യാണ്‌ റാന്നി പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

2025 സെപ്റ്റംബറിലാണ് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി പിന്നീട് നിരന്തരം ചാറ്റ് ചെയ്യുകയും, ഭീഷണിപ്പെടുത്തി അടിവസ്ത്രം ധരിച്ച ചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തത്. തുടർന്ന് കൂടുതൽ നഗ്ന ചിത്രങ്ങൾ അയയ്ക്കാത്ത പക്ഷം അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മാതാപിതാക്കൾക്ക് വെളിപ്പെടുത്തി. ഇതിനെ തുടർന്ന് റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനിടെ പ്രതി പെൺകുട്ടിയുടെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ച് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് വീണ്ടും ബന്ധപ്പെടുകയും ഭീഷണികൾ തുടരുകയും ചെയ്തതായി കണ്ടെത്തി. പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയായ റാന്നി വൈക്കം വിളയിൽ ലക്ഷംവീട് സ്വദേശിയായ രാജപ്പന്റെ മകൻ രാജേഷ് കുമാറിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്തുവരുന്ന ഇയാൾ വർഷങ്ങളായി വീട്ടിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു യുവാവിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി, റീലുകൾ പോസ്റ്റ് ചെയ്തുമാണ് ഇയാൾ പെൺകുട്ടിയെ വിശ്വാസത്തിൽ ആക്കിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൂടുതൽ പെൺകുട്ടികളെ ഇയാൾ സമാനരീതിയിൽ സമീപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ത്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ