കീഴ്‌വായ്‌പ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി ഇലവുങ്കൽ സ്വദേശി വിനോയ് (45) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനു മുൻപും പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഇരയായ പെൺകുട്ടി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയുമാണുണ്ടായത്.
കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ (SHO) ഇ. അജീബ്, എസ്.ഐ (SI) അനീഷ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഓ മാരായ അമൽ മോഹൻ, ഐ.വി. വിഷ്ണു, സന്തോഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തു.

