കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ.
2022 ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ഫെബ്രുവരി 06 ഞായറാഴ്ചയും തുടരുന്നതാണ്. അനുമതി നല്‍കിയിട്ടുള്ള അവശ്യസര്‍വീസുകള്‍ക്ക് 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച പ്രവര്‍ത്തിക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ പരമാവധി 20 പേരെ മാത്രം ഉള്‍പ്പെടുത്തി 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആരാധന നടത്താവുന്നതാണ്.
പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.
ഫെബ്രുവരി 7 മുതല്‍ ജില്ലയിലെ പത്ത്,പതിനൊന്ന്,പന്ത്രണ്ട് ക്ലാസുകള്‍, ബിരുദ-ബിരുദാനന്തര ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈനായി പ്രവര്‍ത്തിക്കാം. ഫെബ്രുവരി 14 മുതല്‍ എല്ലാ ജില്ലകളിലും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്റര്‍ ഗാര്‍ട്ടന്‍,തുടങ്ങിയവക്കും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കാം.